ജില്ലയുടെ തീരത്ത് അതീവ ജാഗ്രത; കടലിൽ ഇറങ്ങുന്നത് തടയും

പൊന്നാനി: ചുഴലിക്കാറ്റ് ഭീഷണിയിൽ ജില്ലയുടെ തീരപ്രദേശത്ത് കനത്ത ജാഗ്രത. മത്സ്യബന്ധനം നിലച്ചു. പൊന്നാനി ഹാർബർ ഉൾപ്പെടെ ജില്ലയിലെ മത്സ്യബന്ധന മേഖലകളെല്ലാം നിശ്ചലം. ബോട്ടുകളും വള്ളങ്ങളും തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കടലിനോടു ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടംബങ്ങളോട് പ്രത്യേകം ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

കടലോര ജാഗ്രതാ സമിതി, ഹാർബർ മാനേജ്മെന്റ് കമ്മിറ്റി, മഹല്ല് കമ്മിറ്റികൾ, തീരദേശത്തെ വിവിധ കൂട്ടായ്മകൾ തുടങ്ങി തീരത്ത് നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കാൻ വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും ഫിഷറീസ് വകുപ്പ് അറിയിപ്പ് നൽകിയതായി പൊന്നാനി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിയന്ത്രണം മറികടന്ന് വള്ളക്കാരും ബോട്ടുകാരും കടലിലിറങ്ങാതിരിക്കാൻ രാത്രിയും പകലും പൊന്നാനി ഹാർബറിൽ തീരദേശ പൊലീസിന്റെ കാവലുണ്ട്.

കോവിഡ് നിയന്ത്രണങ്ങളും ട്രോളിങ് നിരോധനവും കടലാക്രമണവുമെല്ലാം കഴിഞ്ഞ് മീൻപിടിത്തം സജീവമാകുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണം വന്നിരിക്കുന്നത്. രണ്ടാഴ്ചയായി തീരത്ത് മത്തി ചാകരയായിരുന്നു. കാര്യമായ വില കിട്ടിയില്ലെങ്കിലും ലോഡ് കണക്കിന് മത്സ്യം ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചു. പൊന്നാനി തീരമേഖലയിൽ കടൽ ഭിത്തിയില്ലാത്തത് ആശങ്ക ഉയർത്തുന്നു.