ഹൈദരാബാദ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം.

ഹൈദരാബാദ്: ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. തപാല്‍ വോട്ടുകളില്‍ നേടിയ ആധിപത്യം ബിജെപി ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ 88 സീറ്റുകളില്‍ ബിജെപിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 32 ഇടങ്ങളിലും എഐഎംഐഎം 12 ഇടത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.സിആര്‍പിഎഫിനെയും പോലിസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി.46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിങിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകിയേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയിരുന്നു. അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഡ് ഷോകള്‍ നടത്തി. ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സ്മൃതി ഇറാനി, പ്രകാശ് ജാവേദ്ക്കര്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ടിആര്‍എസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ എഐഎംഐഎമ്മും ശക്തമായ പ്രചരണവുമായി തിരഞ്ഞെടുപ്പില്‍ ഇടംപിടിച്ചിരുന്നു.