അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്.
എടപ്പാൾ∙ ചാലിശ്ശേരി സ്വദേശിയായ ചങ്ങരംകുളത്തെ അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വെളിയങ്കോട്ട് താമസിക്കുന്ന വെളുത്തേമ്പാട്ട് ഹൗസിൽ നവാസ് (37), മാറഞ്ചേരി പരിച്ചകം പള്ളിത്താഴത്ത് ഷഹീർഷാ (32), കൂട്ടു പ്രതികളായ മാറഞ്ചേരി പരിച്ചകം പള്ളിപ്പറമ്പിൽ അഷ്കർ (38), ഒറ്റപ്പാലം കണ്ണിയാപുറം ചാത്തൻപിലാക്കൽ വിഷ്ണു(സൽമാൻ–23), തൃശൂർ പുത്തൻപീടിക തച്ചാട്ട് ഹൗസിൽ സുജിത് (27), പെരുമ്പിലാവ് തിപ്പിലിശ്ശേരി വലിയപീടികയിൽ അജ്മൽ (24), കല്ലടത്തൂർ ചോറുവളപ്പിൽ സോമരാജൻ (45), ഒറ്റപ്പാലം കണ്ണിയാമ്പുറം പാറക്കൽ ഹൗസിൽ ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്; ഒക്ടോബർ 29ന് വൈകിട്ടാണ് ചങ്ങരംകുളത്തെ അടയ്ക്ക വ്യാപാരിയായ ഷിജോയ്, സുഹൃത്ത് ചാലിശ്ശേരി സ്വദേശി കാദർ എന്നിവരെ കാണാതായത്. ഇതുസംബന്ധിച്ച് ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ നവംബർ ഒന്നിന് ഇവർ തിരിച്ചെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ചാലിശ്ശേരി സ്വദേശിയായ മറ്റൊരാളുടെ ജിഎസ്ടി ലൈസൻസ് ഉപയോഗിച്ച് ഷിജോയ് അടയ്ക്ക വ്യാപാരം നടത്തിയിരുന്നു. ഇതിൽ ചാലിശ്ശേരി സ്വദേശിക്ക് 3 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഈ പണം വാങ്ങിനൽകാൻ സഹായിക്കാമെന്നു പറഞ്ഞാണ് ക്വട്ടേഷൻ സംഘം രംഗത്തെത്തിയതെന്നും തട്ടിക്കൊണ്ടുപോകലിനെപ്പറ്റി ചാലിശ്ശേരി സ്വദേശിക്ക് അറിവില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്.
തൃശൂർ റേഞ്ച് ഡിഐജി കെ.സുരേന്ദ്രൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐമാരായ വിജിത്, ഹരിഹരസൂനു, എഎസ്ഐമാരായ ശ്രീലേഷ്, സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉദയകുമാർ, അരുൺ ചോലക്കൽ, തിരൂർ ഡിവൈഎസ്പി സ്ക്വാഡിലെ എസ്ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, സീനിയർ സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ ഇരുപതോളം പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു.