എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി.

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. അഴീക്കോട് എം.എൽ.എ കെ. എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്ന പരാതിയിലാണ് മൊഴിയെടുത്തത്.

 

കോഴിക്കോട് കല്ലായിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നതിനിടെയാണ് ലീഗ് എം.എൽ.എ എം. കെ മുനീറിനെതിരെയും പരാതി ഉയർന്നത്. ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസാണ് മുനീറിനെതിരെ പരാതി നൽകിയത്.

ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ ഭൂമി വാങ്ങിയതിൽ മുനീറും പങ്കാളിയായിരുന്നെന്നാണ് അബ്ദുൾ അസീസ് പരാതിയിൽ ഉന്നയിക്കുന്നത്. 92 സെന്റ് വരുന്ന സ്ഥലം മുനീറിന്റെ ഭാര്യ നഫീസയുടെയും ഷാജിയുടെ ഭാര്യയുടെയും പേരിലാണ്. 1.2 കോടി രൂപയ്ക്കാണ് സ്ഥലം വാങ്ങിയതെന്നും എന്നാൽ 37 ലക്ഷം മാത്രമാണ് രേഖയിൽ കാണിച്ചതെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.