സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് എ.വിജയരാഘവൻ.

തൃശ്ശൂർ: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്ത്തി എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകളെന്നും വിജയരാഘവൻ പറഞ്ഞു.

 

ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം സ്പീക്കർ നൽകിയതാണ്. സത്യം അതായിരിക്കേ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് ചേർന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. കത്തെഴുതാനുളള ചെന്നിത്തലയുടെ സ്വാതന്ത്ര്യത്തെ നിരാകരിക്കാനാവില്ലെന്ന് പറഞ്ഞ വിജയരാഘവൻ സ്പീക്കർ നിയമവിധേയമായിട്ടാണ് പ്രവർത്തിച്ചിട്ടുളളതെന്നും അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

 

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയർത്തിയിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ നൽകിയ ആശ്വാസവും വികസനപ്രവർത്തനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകും.