ഒറ്റക്കൊമ്പൻ ശങ്കർ; നിലമ്പൂർ വനത്തിലെത്തിയതായി സൂചന.

നിലമ്പൂർ: തമിഴ്‌നാട് പന്തല്ലൂരിൽ നാലുപേരെ കൊലപ്പെടുത്തിയ ആക്രമണ സ്വഭാവമുള്ള കാട്ടാന (ഒറ്റക്കൊമ്പൻ ശങ്കർ) നിലമ്പൂർ വനത്തിലെത്തിയതായി സൂചന.

 

മുണ്ടേരി ഉൾവനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി ഭാഗത്ത് ആന എത്തിയതായാണ് വിവരം. ഇരുട്ടുകുത്തി, വാണിയംപുഴ ഭാഗത്ത് ഒറ്റക്കൊമ്പൻ ശങ്കറിനെ കണ്ടെത്തിയതായി ആദിവാസികളാണ് വിവരം നൽകിയത്. കോളനിയിലെ രണ്ട് ആദിവാസികളെ കിലോമീറ്ററോളം ആന ഓടിക്കുകയുംെചയ്തു.

 

കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി ആനപ്പള്ളത്തെ വീടിന്‌ സമീപത്ത് കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടുപേർ മരിച്ചിരുന്നു. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദരാജ് (കണ്ണൻ -48), മകൻ പ്രശാന്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലുപേരെയാണ് ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ ഗൂഡല്ലൂർ -വൈത്തിരി കോഴിക്കോട് പാത ഉപരോധിച്ചു. തൊഴിലാളികൾ പണിമുടക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താൽ ആചരിക്കുകയുംചെയ്തു.

 

തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി മുതുമല ആനവളർത്തൽ കേന്ദ്രത്തിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കുങ്കിയാനകളെ എത്തിക്കുകയുംചെയ്തു.

 

 

കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും പന്ത്രണ്ടോളം വരുന്ന ആനക്കൂട്ടത്തിന്റെ സഹായത്തോടെ ഒറ്റക്കൊമ്പൻ ഉൾവനത്തിലേക്ക് കടന്നു. തുടർന്ന് ഡ്രോൺ ക്യാമറകളുടെ സഹായത്തോടെ നിരീക്ഷണം നടത്തി. നാൽപ്പതോളംപേർ തിരച്ചിൽ നടത്തത്തിയെങ്കിലും കണ്ടെത്താനായില്ല. കാൽപ്പാടുകൾ പരിശോധിച്ച് നടത്തിയ തിരച്ചിലിലാണ് കേരളത്തിലേക്ക് കടന്നതായി മനസ്സിലായത്‌.

 

ചേരമ്പാടി, കോട്ടമല, ഗ്ലെൻറോക്ക് വഴിയാണ് ഒറ്റയാൻ നിലമ്പൂർ വനത്തിലേക്ക് പ്രവേശിച്ചതായി കരുതുന്നത്‌. ഗൂഡല്ലൂർ ഡി.എഫ്.ഒ. സുമേഷ് സോമൻ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. മാർട്ടിൻ ലോയലുമായി സംസാരിച്ചശേഷം 15 പേരടങ്ങുന്ന മുതുമല എലിഫെന്റ് ട്രാക്കിങ് ടീം പോത്തുകൽ മുണ്ടേരി വനഭാഗത്തെത്തി.

 

ആദിവാസികളുമായി കൂടിക്കാഴ്ച നടത്തി കണ്ടത് ഒറ്റക്കൊമ്പൻ ശങ്കർ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായും വനം ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക എലിഫെന്റ് സ്ക്വാഡ് രൂപവത്കരിച്ച് വനത്തിൽ പട്രോളിങ് ശക്തമാക്കി.