സംവിധായകൻ ഷാനവാസ്​ നരണിപ്പുഴ അന്തരിച്ചു

കൊച്ചി: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകൻ ഷാനവാസ്​ നരണിപ്പുഴ (37) അന്തരിച്ചു​. ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്​ ബുധനാഴ്ച രാത്രി 10.15 ഓടെ​ കൊച്ചിയിലെ ആശുപത്രിയിലാണ്​ അന്ത്യം.

 

എഡിറ്ററായി സിനിമയിലെത്തിയ ഷാനവാസ്​ ജാതീയത വിഷയമായ ‘കരി’ എന്ന ചിത്രത്തിലൂടെയാണ്​ സംവിധായകനായത്​. മലയാളത്തിൽ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ നേരിട്ട്​ റിലീസ്​ ചെയ്​ത ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഷാനവാസാണ്​.

 

കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ജോലിക്കി​ടെയാണ്​ മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്​ ഹൃദയാഘാതം സംഭവിച്ചത്​. തുടർന്ന്​ സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക്​ മാറ്റാൻ​ തീരുമാനിക്കുകയായിരുന്നു.

 

വെൻറിലേറ്റർ സൗകര്യമുള്ള പ്രത്യേക ആംബുലൻസിൽ ബുധനാഴ്​ച വൈകീട്ട് ആറിന്​​​ കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയി​ൽനിന്ന്​ പുറപ്പെട്ട്​ രാത്രി ഒമ്പതോടെയാണ്​ കൊച്ചി ആസ്​റ്റർ മെഡ്​സിറ്റിയിൽ എത്തിച്ചത്​. ഇതിനിടെ, ഷാനവാസ്​ മരിച്ചതായി ബുധനാഴ്ച ഉച്ചയോടെ വാർത്ത പ്രചരിച്ചിരുന്നു.