ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടതും തിരിച്ചു സർവീസ് നടത്തേണ്ടതുമായ 13 വിമാനങ്ങൾ റദ്ദു ചെയ്തു.

മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ഒമാൻ, ജിദ്ദ, കുവൈറ്റ് എന്നിവിടങ്ങളിൽ വിമാന സർവീസുകൾ നിർത്തുകയും അതിർത്തികൾ അടക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ. കേരളത്തിൽ നിന്ന് അങ്ങോട്ടും തിരിച്ചും യാത്ര ചെയ്യേണ്ട പ്രവാസി മലയാളികളാണ് ദുരിതത്തിലായത്. ഈ മാസം 23 മുതൽ 25 വരെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടതും തിരിച്ചു സർവീസ് നടത്തേണ്ടതുമായ 13 വിമാനങ്ങൾ റദ്ദു ചെയ്തു.

 

കുവൈറ്റ്, ഒമാൻ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും ബുധനാഴ്ച കരിപ്പൂരിൽ എത്തേണ്ട അഞ്ച് സർവീസുകൾ റദ്ദാക്കിയിരുന്നു. ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് എത്തേണ്ട എയർ ഇന്ത്യ എക്സ്‍പ്രസിൻ്റെ A11916 വിമാനവും റിയാദിൽ നിന്നും കുവൈറ്റിൽ നിന്നും കരിപ്പൂരിലേക്ക് എത്തേണ്ട രണ്ട് എയർ ഇന്ത്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഒമാനിലെ മസ്കറ്റിൽ നിന്നും പുറപ്പെടേണ്ട സലാം എയർവേഴ്സിൻ്റെ 0V7743, OV7744 എന്നീ വിമാനങ്ങളും റദ്ദു ചെയ്തിരുന്നു. ഇന്നും നാളെയും ജിദ്ദ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ് നടത്തേണ്ട ഏഴു വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

മസ്കറ്റിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 1337, എയർ ഇന്ത്യ 1350 സലാം എയർലൈൻസിന്റെ OV7743, OV7744 വിമാനങ്ങളും ദമാമിൽ നിന്നും കരിപ്പൂരിൽ എത്തേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് 1332, ജിദ്ദയിൽ നിന്നും പുറപ്പെടേണ്ട ഇൻഡിഗോയുടെ 6E1832 എന്നീ വിമാന സർവീസുകളും റദ്ദു ചെയ്തു. കരിപ്പൂരിൽ നിന്നും നാളെ നടത്തേണ്ട രണ്ടു സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്‍പ്രസിൻ്റെ 1163 കുവൈറ്റ് വിമാനവും എയർ ഇന്ത്യയുടെ 1383 ദമാം വിമാനവും റദ്ദാക്കി. ഈ മാസം 23, 24 ,25 തീയതികളിൽ കരിപ്പൂരിൽ നിന്നും ജിദ്ദ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് മേഖലകളിൽ എത്തേണ്ട 13 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ പ്രവാസ ജീവിതത്തിനിടയിൽ നാട് കാണാൻ കൊതിച്ച മലയാളികളും അവധി കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തിരികെ പോകാനൊരുങ്ങിയ ആയിരക്കണക്കിനാളുകളുമാണ് ദുരിതത്തിലായത്.