ജനപ്രതിനിധികളായ പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിച്ചു

മലപ്പുറം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിച്ച് ടീം ഫിര്‍സേലേന. ചെറുകുളമ്പ് ഐ.കെ.ടി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2007, 2008 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതി പുറത്തിറങ്ങിയവരുടെ കൂട്ടായ്മയാണ് ഇതെ ബാച്ചുകളില്‍ ഈവര്‍ഷം പഠിച്ച തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായ നാലുപേരെ ആദരിച്ചത്. സ്‌കൂളില്‍വെച്ചു നടന്ന ചടങ്ങ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി

എം.പി. സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ്കാലത്തു കൂട്ടായ്മ നടത്തിയ മാസ്‌ക് വിതരണം, രണ്ട് രക്തദാനക്യാമ്പുകള്‍, കിറ്റ് വിതരണം, ഭവനനിര്‍മാണ ധനശേഖരണം, ചികിത്സാധാനസഹായ വിതരണം എന്നിവയോടൊപ്പം സ്‌കൂളിലെ മുഴുവന്‍ എ പ്ലസുകാരെ ആദരിച്ചതും തികച്ചും മാതൃകാപരമാണെന്ന് സാദിഖ് തങ്ങള്‍ പറഞ്ഞു.

കൂട്ടായ്മ രൂപീകരണത്തിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. കൂട്ടായ്മചെയര്‍മാന്‍ വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം.എ.സലാം, വി.മരക്കാര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സിയാദ് തൊടാത്തില്‍ സ്വാഗതവും ട്രഷറര്‍ കെ.പി.ഫിറോസ് ബാബു നന്ദിയും പറഞ്ഞു.