മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന്
തിരുവനന്തപുരം: ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ അംഗബലം ഉണ്ടായിരുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം, കളമശേരി, പരവൂര്‍ നഗരസഭകളിലാണ് യുഡിഎഫിന് ഭാഗ്യം തുണയായത്.
കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റ്യനെ ചേയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ആക്കിയതോടെയാണ് കോട്ടയം നഗരസഭയില്‍ യുഡിഎഫും എഡിഎഫും തുല്യ നിലയില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ ഇരുമുന്നണികളും 22 വോട്ടുകള്‍ നേടി. രണ്ടാം ഘട്ടത്തിലും ഇതേ നില ആവര്‍ത്തിച്ചതോടെ നറുക്കെടുപ്പ് നടത്തി. നറുക്കു വീണ ബിന്‍സി സെബാസ്റ്റ്യനിലൂടെ യുഡിഎഫ് നഗരസഭ നിലനിര്‍ത്തി. കൊവിഡ് ബാധിതനായ എല്‍ഡിഎഫ് കൗണ്‍സിലര്‍ വിട്ടു നിന്നതോടെ കോണ്‍ഗ്രസിലെ ബി ഗോപകുമാര്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
കളമശേരി നഗരസഭയിലും നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. കോണ്‍ഗ്രസിന്റെ സീമ കണ്ണന്‍ അധ്യക്ഷയും, മുസ്ലിം ലീഗിന്റെ സല്‍മ അബൂബക്കര്‍ നഗരസഭ ഉപാധ്യക്ഷയുമായി. പി. ശ്രീജയ്ക്ക് നറുക്ക് വീണതോടെയാണ് കൊല്ലം പരവൂര്‍ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്.