ജനങ്ങളുടെ എല്ലാവിഷയങ്ങളും എപ്പോഴും കേൾക്കാൻ ജനപ്രതിനിധികൾ മനസ്സുവെക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.

പെരിന്തൽമണ്ണ: ജനങ്ങളുടെ  എല്ലാവിഷയങ്ങളും എപ്പോഴും കേൾക്കാൻ ജനപ്രതിനിധികൾ മനസ്സുവെക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തൽമണ്ണ കാഞ്ഞിരക്കുന്നിൽ സൈമൺ ബ്രിട്ടോ അനുസ്മരണവും നഗരസഭാ അംഗങ്ങൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തൽമണ്ണ കാഞ്ഞിരക്കുന്നിൽ സൈമൺ ബ്രിട്ടോ അനുസ്മരണവും നഗരസഭാ അംഗങ്ങൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നു(ഫോട്ടോ രാജു മുള്ളമ്പാറ)

 

ജനപ്രതിനിധികളെക്കുറിച്ച് മറ്റുള്ളവർ എന്തുകരുതിയാലും വിനയവും മര്യാദയും കൈവിടരുതെന്നും കൃത്യനിർവഹണത്തിൽ ആത്മാർഥതയും വേഗവുമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശാരീരിക വെല്ലുവിളികളാൽ മാനസികമായി തളർന്നവർക്ക് ആവേശവും ഊർജവുമാണ് സൈമൺ ബ്രിട്ടോയെന്ന് സ്പീക്കർ അനുസ്മരിച്ചു. അരയ്ക്കുതാഴെ തളർന്നവർക്ക് മൗലാന ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു.

നഗരസഭാ ഉപാധ്യക്ഷ എ. നസീറ, നഗരസഭാ മുൻ അധ്യക്ഷൻ എം. മുഹമ്മദ് സലീം, ഭക്ഷ്യക്കമ്മിഷൻ അംഗം വി. രമേശൻ, സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ, സാന്ത്വനം കോ-ഓർഡിനേറ്റർ സലീം കിഴിശ്ശേരി, നഗരസഭാംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണൻ, പച്ചീരി ഫാറൂഖ്, എം. മുഹമ്മദ് ഹനീഫ, മൗലാന ആശുപത്രി അസി. അഡ്മിനിസ്‌ട്രേറ്റർ രാംദാസ് തുടങ്ങിയവർ പ്രസംഗിച്ചു.