കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘെത്തെ പിടികൂടി.

ഒന്നരമാസം മുൻപും ഇവിടെ കരിമീൻ കുഞ്ഞുങ്ങളെ പിടിക്കുന്ന സംഘത്തെ പിടികൂടിയിരുന്നു.

പൊന്നാനി: ഭാരതപ്പുഴയിൽനിന്ന് വളർച്ചയെത്താത്ത കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് ഓക്ലിജൻ നിറച്ച പായ്ക്കറ്റുകളിലാക്കി കടത്തുന്ന സംഘം ഫിഷറീസ് വകുപ്പിന്റെ പിടിയിൽ.

 

വെളിയങ്കോട് സ്വദേശികളായ മച്ചിങ്ങൽ അഷറഫ്, തണ്ണീർകുടിയന്റെ കമറു, എന്നിവരാണ് അനധികൃത മീൻപിടിത്തത്തിനിടയിൽ പിടിയിലായത്. നാലുപേർ പട്രോളിങ് സംഘത്തെക്കണ്ട് കടന്നുകളഞ്ഞു.

ഓക്ലിജൻ സിലിൻഡർ അടക്കമുള്ള പായ്ക്കിങ് സംവിധാനങ്ങളുമായി പുഴയിൽനിന്ന്‌ അയ്യായിരത്തോളം കരിമീൻ കുഞ്ഞുങ്ങളെ പിടിച്ച് പായ്ക്കുചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായത്. വലുതായാൽ കിലോയ്ക്ക് 400 രൂപയ്ക്കുമുകളിൽ വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെ ഒന്നിന് 10 രൂപയായിട്ടാണ് ഇവർ വിൽക്കുന്നത്.

ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന കുഞ്ഞുങ്ങളെയാണ് ഇവർ പുഴയിൽനിന്ന്‌ പിടിച്ചെടുത്തിരുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ പുഴയിലേക്കുതന്നെ അധികൃതർ തിരിച്ച് നിക്ഷേപിച്ചു.

 

ഫിഷറീസ് ഉദ്യോഗസ്ഥരായ കെ. ശ്രീജേഷ്, എം.പി. പ്രണവേഷ്, അഫ്സൽ, സമീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.