വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റി.

തിരൂർ: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റി.

 

നേർച്ചക്കൊടി തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ തിരൂർ ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള മലപ്പുറം ഡിവൈ.എസ്.പി. ഹരിദാസ് നേർച്ച സംരക്ഷണസമിതി ഭാരവാഹികളായ കെ.പി. ബാപ്പു, കല്ലിങ്ങൽ സിദ്ദീഖ് എന്നിവർക്ക് കൈമാറി. ചടങ്ങിൽ സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ.മാരായ ജലീൽ കറുത്തേടത്ത്, ആർ. രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

ചെണ്ടമേളവും ചീനിമുട്ടും പോലീസ് സ്റ്റേഷൻ വളപ്പിൽ മേളക്കൊഴുപ്പുണ്ടാക്കി. കോവിഡ് പശ്ചാത്തലത്തിൽ കൊടി വാഹനത്തിൽ കയറ്റി തിരൂർ ബോയ്സ് ഹൈസ്കൂളിന് മുമ്പിൽ കൊണ്ടുവന്നു.

 

അവിടെനിന്ന് വൈകീട്ട് നാലുമണിയോടെ രണ്ട് ആനകളുടെയും ചീനിമുട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കൊടിവരവ് പുറപ്പെട്ടു.

 

കെ.പി. ബാപ്പു കല്ലിങ്ങൽ സിദ്ദീഖ്, പിമ്പുറത്ത് ശ്രീനിവാസൻ, സി.പി. ബാപ്പുട്ടി, ടി. ഷാജി, മനോജ് പാറശ്ശേരി, അഡ്വ.സന്തോഷ്, തലക്കാട് കുഞ്ഞാവ, പി. മുഹമ്മദലി എന്നിവർ നേതൃത്വംനൽകി. കൊടിവരവ് പൂഴിക്കുന്നിലെത്തി തിരിച്ച് ജാറത്തിന് മുമ്പിലെത്തി മഖ്ബറയിലെ പ്രാർഥനയ്ക്കുശേഷം വലിയ കൊടിയേറ്റി. തുടർന്ന് കരിമരുന്ന് പ്രയോഗവുമുണ്ടായി. 25,26 തീയതികളിൽ വിശ്വാസികൾക്ക് ജാറത്തിലെത്തി പ്രാർഥന നടത്താം. ഇക്കുറി പെട്ടിവരവുകളില്ല.