പരിശോധന ശക്തമാക്കി; കോവിഡ് നിയന്ത്രണം പോലീസ് ഏറ്റെടുത്തു.

തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകൾ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി മുഴുവൻ സേനാംഗങ്ങളെയും വിന്യസിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകൾ മാത്രമേ അനുവദിക്കൂ.

 

ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാക്കറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നൽകി. ആവശ്യമെങ്കിൽ സ്പെഷ്യൽ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയൻ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പോലീസ് മേധാവിമാർക്ക് വിനിയോഗിക്കാം.

സെക്ടറൽ മജിസ്ട്രേറ്റുമാരുള്ള സ്ഥലങ്ങളിൽ പോലീസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പോലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പോലീസ് കൺട്രോൾ റൂമുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങൾക്ക് മാത്രമേ ഇക്കാലയളവിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ. പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.