വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി.

പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വീരപ്പന്‍ റഹീമെന്ന പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി പാറക്കാട്ട് എറാട്ട് വീട്ടില്‍ അബ്ദുറഹീമിനെ(വയസ് 54) പിടികൂടിയത്.

മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നത് വീരപ്പന്‍ റഹീമും കൂട്ടാളികളുമാണെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 കിലോയോളം കഞ്ചാവുമായി പടിക്കലില്‍ വച്ച് റഹിം എക്‌സൈസിന്റെ പിടിയിലാവുന്നത്. കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തു.

 

മുമ്പ് നാടന്‍ തോക്ക് നിര്‍മിച്ച് വന്‍തോതില്‍ വിതരണം ചെയ്തതിന് റഹീമിനെതിരെ പോലിസ് കേസെടുത്തിരുന്നു. അതിനുശേഷമാണ് വീരപ്പന്‍ റഹിമെന്ന പേര് കിട്ടിയത്. ആദ്യകാലത്ത് ആയിരക്കണക്കിന് വാഹനങ്ങള്‍ മോഷ്ടിച്ച് വിറ്റും പൊളിച്ച് വിറ്റും പണമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നൂതന സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ മോഷ്ടിക്കുന്നത് എളുപ്പമല്ലാത്തതുകൊണ്ടാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്.

 

ആന്ധ്രപ്രദേശില്‍ നിന്ന് നേരിട്ട് കഞ്ചാവെത്താറുണ്ടെന്നും നിരവധി യുവാക്കള്‍ തന്റെ കീഴില്‍ ചില്ലറ കഞ്ചാവ് വില്‍പന രംഗത്തുണ്ടെന്നും അബ്ദുറഹീം എക്‌സൈസിന് മൊഴി നല്‍കി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷം വില വരും.