സംസ്ഥാനത്ത് പൊലീസ് വാക്‌സിനേഷന്‍ ഇന്നുമുതൽ

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ അന്തിമഘട്ടത്തില്‍. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും. പൊലീസ്, റവന്യു, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പ് ഉദ്യോഗസ്ഥരാണു കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇവര്‍ക്കുള്ള ആദ്യ ഡോസ് കുത്തിവയ്പാണ് ഇന്ന് ആരംഭിക്കുന്നത്‌. ജില്ലയില്‍ ഇരുപതിനായിരത്തോളം പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇവരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം 15നു ശേഷം ആരംഭിക്കും.

അതിനു മുന്‍പ് കോവിഡ് മുന്നണിപ്പോരാളികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനായി പരമാവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയാറാക്കും.

മാര്ച്ചില് മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.