യുഡിഎഫ് പ്രഖ്യാപനം കലാപം സൃഷ്ടിക്കാന്‍ പി രാമഭദ്രന്‍

മലപ്പുറം: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കെ ഡി എഫ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി യടെ ഹിന്ദുത്വ നിലപാടിനെ മറികടക്കാന്‍ തീവ്രഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനം ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ തര്‍ക്ക വിഷയങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയുടെ പേരില്‍ വോട്ട് നേടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസിന്റെത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല. ആരുടെയും വിശ്വാസപരമായ സ്വതന്ത്രത്തെയും മൗലിക അവകാശങ്ങളെയും പിണറായി സര്‍ക്കാര്‍ വൃണപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

വെന്നിയൂര്‍ വേലായുധന്‍, ഫസലുറഹ്്മാന്‍, അഡ്വ. എസ് പ്രഹല്‍ദന്‍, സുശീല മോഹന്‍, സുധീഷ് പയ്യനാട്, സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, സി രമേശ് കൊണ്ടോട്ടി, സുബ്രഹ്മണ്യന്‍ വളാഞ്ചേരി, ശാരദ നിലമ്പൂര്‍, സരസ്വതി തിരൂര്‍, ലക്ഷ്മി വേങ്ങര എന്നിവര്‍ സംസാരിച്ചു.