ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു.

അരീക്കോട്: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേര്‍ഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മല്‍ ഇ ഖാലിദ് (60) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പഴയ കാല ഫുട്‌ബോള്‍ മല്‍സരങ്ങളില്‍നിരവധി തവണ റഫറിയായി സേവനം അനുഷ്ടിച്ചിരുന്നു.

തെരട്ടമ്മലില്‍ ടിഎസ്എ അക്കാദമി ലീഗ് മത്സരം റഫറിയായി നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്ഥാന പോലിസ് ഫുട്‌ബോള്‍ മത്സരങ്ങള്‍, സിബിഎസ്‌സി സ്‌കൂള്‍ സംസ്ഥാനമത്സരങ്ങള്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മത്സരങ്ങള്‍, മിനി ഗെയിംസ് തുടങ്ങി നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഇ ഖാലിദ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ്. മലപ്പുറം ജില്ലാ ലീഗ് മത്സരങ്ങള്‍ ഏറ്റവുമധികം നിയന്ത്രിച്ചിട്ടുള്ള റഫറിമാരില്‍ ഒരാളാണ് അദ്ദേഹം.

 

തെരട്ടമ്മല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സജീവ സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: സെല്‍മാബി. മക്കള്‍: റാഷിദ, മുഹമ്മദ് ബാബു റോഷന്‍.