മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച (മാർച്ച്) മുതൽ ആരംഭിക്കും. കോവിഡ്​ വാക്​സിനേഷൻ യജ്ഞത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കുമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവഡേക്കർ പറഞ്ഞു.

60 വയസിന്​ മുകളിൽ പ്രായമായവർക്ക്​ പുറമേ മറ്റ്​ രോഗങ്ങളുള്ള 45 വയസിന്​ മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണനയെന്ന്​ മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലും വാക്​സിൻ ലഭ്യമാക്കും. എന്നാൽ ഇവിടെ വാക്​സിനേഷനുള്ള നിരക്ക്​ ഉടൻ തീരുമാനിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. 10000 സർക്കാർ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ്​ വാക്​സിൻ സെന്‍ററുകളാകുന്നത്​. 27 കോടിയാളുകൾ ഈ ഘട്ടത്തിൽ വാക്​സിൻ സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

നിലവിൽ ആരോഗ്യപ്രവർത്തകർ ഉൾപെടെയുള്ള കോവിഡ്​ പോരാളികൾക്കാണ്​ വാക്​സിൻ നൽകി വരുന്നത്​. നിലവിൽ രാജ്യത്ത്​ ഒന്നേകാൽ കോടിയാളുകൾ വാക്​സിൻ സ്വീകരിച്ചു.