ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ

പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

പൊന്നാനി: ബിജെപി ഒദ്യോ​ഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണം. രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയ്യാറാക്കിയ സാധ്യത പട്ടിക അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപമായാലും ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്.

നേമത്ത് കുമ്മനം രാജശേഖരൻ, കെ.,സുരേന്ദ്രൻ കോന്നി, കാട്ടാക്കട പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം സെൻട്രലിലോ, വട്ടിയൂര്‍കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത. കഴക്കൂട്ടത്ത് വി.മുരളീധരൻ സ്ഥാനാര്‍ത്ഥിയാകണോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനം എടുക്കും. കഴിഞ്ഞ തവണ നിസാരവോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഒറ്റപ്പേരിലേക്ക് എത്താൻ സംസ്ഥാന ഘടകത്തിന് ആയിട്ടില്ലെന്നാണ് സൂചന. ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വമാകും തീരുമാനമെടുക്കുക.