ഇനി മുഖ്യമന്ത്രി വിഡി സതീശൻ; കേരളത്തെ സാക്ഷിയാക്കി സത്യവാചകം ചൊല്ലി ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിഡി സതീശനൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ ഇന്നലെ വൈകീട്ട് മുതല്‍ തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. 15,000 പേർക്കുള്ള ഇരിപ്പിടമായിരുന്നു ഒരുക്കിയത്. രാവിലെ തന്നെ സീറ്റുകളെല്ലാം നിറഞ്ഞു.
സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ നീണ്ടനിരയാണ് ചടങ്ങുകള്‍ നടക്കുമ്പോഴും പ്രകടമായത്. ബാനറുകളും കൊടികളുമായാണ് പ്രവർത്തകർ എത്തിയത്. പാസ് ഉള്ളവരെ മാത്രമാണ് ബാരിക്കേഡ് കടത്തിവിട്ടത്.