സ്വർണ്ണവിലയിൽ വൻ ഇടിവ്.

രാജ്യത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്നത്തെ ആദ്യവിലവിവരങ്ങൾ അനുസരിച്ച് ദേശീയ തലത്തിൽ സ്വര്‍ണ്ണം (22 കാരറ്റ്) പവന് 640 രൂപ കുറഞ്ഞ് 34400 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4300 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണ്ണത്തിനും ഇതേ വിലയിടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 640 രൂപ കുറഞ്ഞതോടെ 35200 രൂപയാണ് പവന് വില. ഗ്രാമിന് 4400 രൂപയും.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയൊക്കെ സ്വർണ്ണ വിലയെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നിൽക്കുകയാണ്.