താനൂരിനെ ആവേശത്തിലാഴ്ത്തി വി അബ്ദുറഹിമാന്റെ റോഡ് ഷോ

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയാണ് താനൂരിനെ ആവേശത്തിലാഴ്ത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഒട്ടുംപുറത്തു നിന്നും ആരംഭിച്ച റോഡ് ഷോ ഉണ്യാൽ, ചക്കരമൂല, കാളാട്, മൂലക്കൽ വഴി പുത്തൻ തെരുവിൽ സമാപിച്ചു. താനൂർ വീണ്ടും ചുവക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ ആയിരക്കണക്കിനാളുകളാണ് റോഡ് ഷോയിൽ പങ്കാളികളായത്.

റോഡിനിരുവശത്തും തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ കാണാനായി അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കാത്തു നിൽക്കുകയായിരുന്നു. അവരുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തെളിച്ചം നിറഞ്ഞുനിന്നിരുന്നു. പ്രിയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ ആവേശത്തോടെ മുദ്രാവാക്യമുയർത്തുന്ന കാഴ്ച എൽഡിഎഫ് സ്ഥാനാർഥിക്കുള്ള വോട്ട് ഉറപ്പ് തന്നെയായിരുന്നു.

 

ചുവന്ന കൊടി വീശി, സ്ഥാനാർഥിയുടെ മുഖംമൂടിയണിഞ്ഞ്, കപ്പും സോസറും പരിചയപ്പെടുത്തി ആവേശത്തിൽ മുദ്രാവാക്യമുയർത്തി എൽഡിഎഫ് പ്രവർത്തകർ റോഡ്ഷോയ്ക്കൊപ്പം അണിനിരന്നു. താനൂരിൽ വി അബ്ദുറഹ്മാൻ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു റോഡ് ഷോ.