മന്‍സൂര്‍ കൊലക്കേസില്‍ സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു; സിപിഎം ഓഫീസുകള്‍ ആക്രമിച്ച 12 ലീഗ് പ്രവര്‍ത്തകരും പിടിയില്‍

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സിപിഎം ഓഫീസുകൾക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവർത്തകരും അറസ്റ്റിലായി. വിലാപയാത്രയിൽ പങ്കെടുത്ത 12 ലീഗ് പ്രവർത്തകരെയാണ് ചൊക്ലി പോലീസ് വ്യാഴാഴ്ച പിടികൂടിയത്.

 

പാനൂർ മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കളക്ടർ സമാധാനയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ച സിപിഎം ഓഫീസുകൾ സിപിഎം നേതാക്കൾ സന്ദർശിച്ചു.

 

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ സന്ദർശനം നടത്തിയത്. സിപിഎം ഓഫീസുകൾക്ക് നേരേയുള്ള മുസ്ലീം ലീഗിന്റെ ആക്രമണം ആസൂത്രിതമാണെന്ന് എം.വി. ജയരാജൻ ആരോപിച്ചു.

 

കഴിഞ്ഞ ദിവസം മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലിൽനിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂർ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കൽ കമ്മിറ്റി ഓഫീസും അടിച്ചുതകർത്തു തീയിട്ടു. കടവത്തൂർ ഇരഞ്ഞീൻകീഴിൽ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീൻകീഴിൽ ബ്രാഞ്ച് ഓഫീസും അക്രമികൾ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാൻജി കെ.പി. ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. രക്തസാക്ഷിമണ്ഡപവും സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകൾക്കു നേരെയും ആക്രമണമുണ്ടായി