കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം: യൂത്ത് ലീഗ് നേതാവ് സുബൈറിന് ഇഡിയുടെ നോട്ടീസ്

ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്.

കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന് ഇഡി നേട്ടീസ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

 

പി കെ ഫിറോസിനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഭാര്യപിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എത്താല്‍ സാധിക്കില്ലെന്നും സമയം നീട്ടി നല്‍കണമെന്ന് സുബൈര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഈ മാസം 22 ന് ഹാജരകാനാണ് ഇ ഡി നിര്‍ദ്ദേശിച്ചത്.

 

ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളില്‍ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും. കള്ളപ്പണ ഇടപാട്, വിദേശ നാണ്യ വിനിമയ ചട്ട ലംഘനം തുടങ്ങിയ വിവരങ്ങളും ഇഡി അന്വേഷിക്കുമെന്നാണ് സൂചന.

 

 

കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. നോട്ടീസ് ലഭിച്ചു എന്നും 22നു തന്നെ താന്‍ ഹാജരാകുമെന്നും സുബൈര്‍ പ്രതികരിച്ചു. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് അന്വേഷണത്തിന് ആധാരാമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. അതിനാല്‍ തന്നെ സംഭവത്തില്‍ സി കെ സുബൈറിനൊപ്പം പി കെ ഫിറോസിനേയും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതേസമയം, സി കെ സുബൈറിന് ഇഡി നോട്ടീസ് ലഭിച്ചതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.