കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം പറന്നിറങ്ങി.

നാല് കണ്ടെയ്നറുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. വൈകീട്ടോടെയാണ് കണ്ടെയ്നറുകൾ വഹിച്ചുള്ള വിമാനങ്ങൾ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തിൽ എത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും വലിയ ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. ഇതിനിടെയാണ് സിംഗപ്പൂർ ക്രയോജെനിക് കണ്ടെയ്നറുകൾ നൽകിയിരിക്കുന്നത്. ഇത് നിലവിലെ ഓക്സിജൻ പ്രതിസന്ധിയ്ക്ക് ആശ്വാസമാകും.

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാൻ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് ഫ്രാൻസും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു.