മഴക്കെടുതിയിൽ രണ്ട് മരണം

ദുരിതം വിതച്ച് തീരമേഖലയിൽ കടലാക്രമണം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തീരമേഖലകളിൽ കടൽക്ഷോഭത്തിൽ _നൂറ് കണക്കിന് വീടുകൾ തകന്നു. മഴക്കെടുതിയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട്  ഒഴുക്കിൽപ്പെട്ട് ഒരു യുവാവ് മരിച്ചു. ചെല്ലാനത്ത് വെള്ളക്കെട്ടിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. 

 കോഴിക്കോട്

 

കോഴിക്കോട്  ചാത്തമംഗലം ചോനോത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കിഴക്കേടത്ത് മധുസുധനന്‍റെ മകന്‍ ആദര്‍ശ് മുങ്ങി മരിച്ചു. 19വയസായിരുന്നു. ഉച്ചതിരിഞ്ഞ്  മൂന്ന് മണിയോടെയായിരുന്നു സംഭവം. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് *വടക്കന്‍ ജില്ലകളിലെങ്ങും കനത്ത ജാഗ്രതയിലാണ് കോഴിക്കോട് ബേപ്പൂർ ഗോതീശ്വരം റോഡ് കടലെടുത്തു. ചാലിയം കടലുണ്ടി കടവ്, കപ്പലങ്ങാടി ഭാഗങ്ങളിൽ 40 വീടുകിൽ വെള്ളം കയറി. കൊയിലാണ്ടി കൊല്ലം പാറപ്പളളിയില്‍ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊളാവിപ്പാലം കടപ്പുറത്തും കടൽക്ഷോഭം രൂക്ഷമാണ്.  കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ ഭിത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുതുക്കി പണിയണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു.

 മലപ്പുറം ജില്ല

 

മലപ്പുറം പൊന്നാനിയിൽ കടലാക്രമണത്തില്‍ 50 വീടുകളിൽ വെള്ളം കയറി വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി  തണ്ണിത്തുറ , പാലപ്പെട്ടി മേഖലകളിലാണ് കടൽക്ഷോഭത്തെത്തുടര്‍ന്ന് വീടുകളില്‍ വെളളം കയറിയത്. 

 

ആളുകളെ മാറ്റിപ്പാർപ്പിക്കാനായി വെളിയങ്കോട്  ഫിഷറീസ് എൽ.പി സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്. അതിതീവ്ര മഴക്കും കാറ്റിനും മുന്നോടിയായുളള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി.

 

നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.