കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിക്കുമാണ് അന്വേഷണ സംഘം ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നത്. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താന്‍ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തിലാണ് നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, പാര്‍ട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥന്‍ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.
ഇതിനിടെ കർണാടകത്തിൽ നിന്നും ആലുപ്പുഴ സ്വദേശിയെ ഏൽപ്പിക്കാനാണ് പണം കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തി. ഇടനിലക്കാരായ ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പൊലീസിന് ഈ മൊഴി കിട്ടിയത്. ആലപ്പുഴ സ്വദേശി ആരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
മൂന്നരക്കോടി കുഴൽപ്പണം വന്നത് കർണാടകയിൽ നിന്നാണെന്നും ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പണം വന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണം വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബി.ജെ.പി ജില്ലാ നേതാക്കളുടെ മൊഴി .വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.