സ്വർണാഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് പഞ്ചായത്ത് മെമ്പറുടെ മാതൃകാ പ്രവർത്തനം

മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപ‌‌ഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഫാത്തിമത്ത് തസ്നിയാണ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകുന്നതിനായി തന്‍റെ ഒന്നര പവൻ സ്വർണാഭരണം വിറ്റത്.

വളാഞ്ചേരി: വാർഡിലെ മുഴുവൻ വീടുകളിലും ഒരു തവണയെങ്കിലും സന്ദര്‍ശിച്ചു കഴിഞ്ഞു മലപ്പുറത്തെ എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പര്‍.

ഈ ദുരിത കാലത്ത് സ്വർണാഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാതൃകയാകുന്നു. മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപ‌‌ഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഫാത്തിമത്ത് തസ്നിയാണ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകുന്നതിനായി തന്‍റെ ഒന്നര പവൻ സ്വർണാഭരണം വിറ്റത്.

ഇതിനോടകം വാർഡിലെ മുഴുവൻ വീടുകളിലും ഒരു തവണയെങ്കിലും തസ്നി സന്ദർശനം നടത്തിക്കഴിഞ്ഞു. കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെയും ക്വാറന്‍റൈനില്‍ കഴിയുന്നവരുടെയും വീടുകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലും സന്ദർശനം നടത്തും. ഈ മഹാമാരി കാലത്ത് ജനങ്ങളുടെ പ്രയാസം ഫാത്തിമത്ത് തസ്നിയുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ വിവിധ അനുഭവങ്ങളാണ് കാരണമായത്. സഹായമായി എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയം അങ്ങനെയാണുണ്ടാകുന്നത്.

450 കുടുംബങ്ങളുള്ള വാർഡിലെ മുഴുവൻ വീടുകളിലേക്കും കിറ്റ് നൽകാൻ ഒരു ലക്ഷം രൂപയായിരുന്നു തുക കണക്കാക്കിയത്. എന്നാൽ മുഴുവൻ തുകയും കണ്ടെത്തുന്നത് വെല്ലുവിളിയായി. ഈ പശ്ചാത്തലത്തിലാണ് മറ്റൊന്നുമാലോചിക്കാതെ മോതിരവും കമ്മലും ഉൾപ്പടെയുള്ള തന്‍റെ സ്വർണാഭരണങ്ങൾ വിറ്റ് പണം കണ്ടെത്താൻ തീരുമാനിച്ചത്. ആദ്യ ടേം മെമ്പറും ഡിഗ്രി വിദ്യാർഥിയുമായ ഫാത്തിമത്ത് തസ്നി, കോവിഡ് ഹെൽപ്പ് ഡെസ്ക്, ആംബുലൻസ് സേവനം തുടങ്ങി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങളിലൂടെ ഇതിനോടകം തന്നെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.