കിരൺകുമാറിന്റെ അക്കൗണ്ടിൽ പതിനായിരം രൂപ; ബാങ്കിലും വീട്ടിലും എത്തിച്ചു തെളിവെടുപ്പു നടത്തി.
വിവാഹ ശേഷം വിസ്മയയെ അഞ്ചു തവണ മർദ്ദിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം; ഓഫീസിൽ നല്ലപിള്ളയായ കിരൺ കുമാർ മദ്യപിച്ചാൽ 'അന്ന്യനെ'യും കടത്തിവെട്ടുന്ന സ്വഭാവക്കാരൻ; അസാധാരണ മാറ്റത്തിൽ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടാൻ പൊലീസ്
കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് കിരൺ കുമാറിനെ ശരിക്കും പൂട്ടാൻ ഉറച്ചു തന്നെയാണ് പൊലീസിന്റെ നീക്കങ്ങൾ. കിരൺ കുമാറുമായി തെളിവെടുപ്പു നടത്തുന്ന പൊലീസ് പ്രതി വിസ്മയയെ മർദ്ദിച്ച ഇടങ്ങളിൽ ഓരോ ഇടത്തായി എത്തിക്കുകയും ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു വിചാരണ പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശാസ്ത്രീയമായെ തെളിവു ശേഖരണമാണ് നടത്തുന്നത്. വിസ്മയയെ വിവാഹശേഷം മർദ്ദിച്ചിരുന്നു എന്ന കുറ്റസമ്മതം പ്രതി നടത്തിയിട്ടുണ്ട്.
അതേസമയം വിസ്മയ മരിച്ച അന്ന് മർദ്ദിച്ചിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്. എന്നാൽ, അന്നേദിവസം ഭാര്യയുമായി വഴക്കുണ്ടായെന്നും കിരൺ സമ്മതിച്ചു. ഓഫസിലെല്ലാം നല്ലകുട്ടിയാണ് കിരൺകുമാർ. എന്നാൽ, മദ്യപിച്ച ശേഷം ഈ സ്വഭാവത്തിൽ കാര്യമായി തന്നെ മാറ്റം വരാറുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ വിചിത്ര സ്വഭാവം പ്രകടിപ്പിക്കുന്ന കിരണിനെ മനഃശ്ശാസ്ത്രജ്ഞരെ കാണിക്കാനും ശ്രമം നടക്കുന്നുണ്ട്.
അതേസമയം കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്മയക്ക് സ്തീധനമായി ലഭിച്ച 40 പവൻ പോരുവഴിയിലെ എസ്‌ബിഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരൺ കുമാർ പൊലീസിനോട് പറഞ്ഞു. കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടിൽ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്.
പോരുവഴിയിലെ എസ്‌ബിഐ ശാഖയിൽ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവൻ ലോക്കറിൽ നിന്നും കണ്ടെടുത്തു. വിസ്മയയുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനിൽക്കുന്നതിനിടെ, പൊലീസ് സർജന്റെയും ഫോറൻസിക് ഡയറക്ടറുടേയും സാന്നിധ്യത്തിൽ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 166 സെന്റിമീറ്റർ മാത്രം ഉയരമുള്ള വിസ്മയ 185 സെന്റിമീറ്റർ ഉയരമുള്ള ശുചിമുറിയിലെ ജനാലയിൽ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.
പൊലീസ് സർജനും ഫോറൻസിക് വിദഗ്ധരും ഇന്ന് വിസ്മയ മരിച്ച കിരണിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തും. വിസ്മയയുടെ ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും വിസ്മയയുടേതുകൊലപാതകമാണോ എന്നതിൽ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് പൊലീസ് അധികൃതർ സൂചിപ്പിക്കുന്നത്.
മദ്യപിച്ചു കഴിഞ്ഞാൽ കിരണിന്റെ സ്വഭാവത്തിലുണ്ടാകുന്ന അസാധാരണ മാറ്റത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാൻ കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ കിരൺകുമാറിനെയും കൊണ്ട് വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടിൽപ്പോയി മടങ്ങുമ്പോൾ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാർ നിർത്തി പുറത്തിറങ്ങിയും വഴക്കു തുടർന്നു. കിരൺ മർദിക്കാൻ ശ്രമിച്ചപ്പോൾ വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്.
കിരണിന്റെ സഹോദരിയെയും സഹോദരീഭർത്താവിനെയും അടുത്ത ബന്ധു്കളെയും പൊലീസ് ചോദ്യം ചെയ്യും. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന കിരൺ കുമാറിനെ തിങ്കളാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 30 ന് വൈകീട്ട് കിരണിനെ തിരികെ ഹാജരാക്കാനാണ് കോടതി നിർദ്ദേശം. ഇതിനകം കഴിയുന്നത്ര തെളിവുകൾ ശേഖരിക്കനാണ് അന്വേഷണസംഘത്തിന്റെ നീക്കം.