തൃത്താല പീഡനം; കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു

കേസിലെ പ്രതി അഭിലാഷിന്‍റെ ബന്ധുവായ ജയപ്രകാശ് എന്ന കോണ്‍ട്രാക്‌ടറാണ് പൊലീസിൽ തന്‍റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറയുന്നത്.

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന കൂടാതെയാണ് പൊലീസ് വിട്ടയച്ചത്.

തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്പിയിലെ ആര്യ ഹോട്ടലിലാണ് തങ്ങിയത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

കേസിലെ പ്രതി അഭിലാഷിന്‍റെ ബന്ധുവായ ജയപ്രകാശ് എന്ന കോണ്‍ട്രാക്‌ടറാണ് പൊലീസിൽ തന്‍റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറയുന്നത്. തൃത്താല സ്വദേശിയായ 18 വയസുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ് മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡനം നടത്തിയത്.