കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍

തൃശ്ശൂര്‍: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (52), വേണു (66)എന്നിവരാണ് മരിച്ചത്. മദ്യപിക്കാന്‍ പോയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.

 

പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടത്. രണ്ട് ദിവസം മുമ്പ് ഇവരെ കാണാതായിരുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം തുടരവേയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും ഈ പ്രദേശത്ത് മദ്യപിക്കാന്‍ പോകാറുണ്ടെന്നും അപകടത്തില്‍ മരിച്ചതാകാമെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.

അഗ്‌നി ശമന സേനയും പോലിസും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. ഇടയ്ക്കിടെ യാത്ര പോകാറുള്ളതിനാല്‍ കാണാതായതില്‍ ആര്‍ക്കും വലിയ ദുരൂഹത തോന്നിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പുതുക്കാട് പോലിസ് അന്വേഷണം തുടരുകയാണ്.