20 ലക്ഷം അക്കൗണ്ടുകള്‍ ഒരു മാസത്തിനിടെ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്]

ഫേസ്ബുക്ക് മുപ്പത് ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും ഇന്‍സ്റ്റഗ്രാം രണ്ട് ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തു.

ന്യൂഡൽഹി: മെയ് പതിനഞ്ച് മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെന്ന് ഫേസ്ബുക്കില്‍ നിന്നുള്ള മെസേജിംഗ് ആപ്പ്, അതിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

പുതിയ വിവരസാങ്കേതിക നിയമപ്രകാരമാണ് നിരോധിച്ച അക്കൗണ്ടുകളുടെ വിവരം വാട്‌സാപ്പ് പുറത്തുവിട്ടത്. അപകടരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി മെസേജിംഗ് ആപ്പില്‍ ടൂളുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ച വാട്‌സാപ്പ്, പ്രശ്‌നമുണ്ടായതിന് ശേഷം നടപടിയെടുക്കുന്നതിനേക്കാള്‍ അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പില്‍ സുരക്ഷിത ഉപയോഗം ഉറപ്പുവരുത്തുന്നതിനായി എഞ്ചിനീയര്‍മാരും ഡാറ്റ ശാസ്ത്രജ്ഞരും അനലിസ്റ്റുകളും നിയമജ്ഞരും ഉള്‍പ്പെടുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഫീഡ്ബാക്കുകള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കോണ്ടാക്ടുകള്‍ ബ്ലോക് ചെയ്യാനും, റിപ്പോര്‍ട്ട് ചെയ്യാനും അധികൃതരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ആപ്പിനുള്ളില്‍ തന്നെ സംവിധാനം ഒരുക്കിയതായും വാട്‌സാപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

വാട്‌സാപ്പിന് പുറമെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ട്വിറ്റര്‍, കൂ ആപ്പുകളും നടപടിയെടുക്കപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് മുപ്പത് ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും ഇന്‍സ്റ്റഗ്രാം രണ്ട് ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തു. 133 യു.ആര്‍.എലുകള്‍ നീക്കം ചെയ്തതായി ട്വിറ്ററും വെളിപ്പെടുത്തി.