വിശുദ്ധഹജ്ജ്; മിന ഇന്ന് തൽബിയത്തിൽ അലിയും, നാളെ അറഫ സംഗമം

മക്ക: നാഥന്റെ വിളിക്കുത്തരം നൽകി മക്കയിലെത്തിയ വിശ്വാസികളുടെ നാവിൽ നിന്നുയരുന്ന തൽബിയത് മന്ത്രത്തിൽ പ്രാര്‍ത്ഥനാ നിരതരായി ഹാജിമാർ ഇന്ന് മിനയിൽ രാപ്പാർക്കും. ഹജ്ജിന്റെ ആദ്യ ദിനത്തില്‍ രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയായ മിനായില്‍ ഹാജിമാർ എത്തിച്ചേരുന്നതോടെ വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാകും. യൗമു തർവ്വിയതിന്റെ ദിനമായ ഇന്ന് പകലും രാത്രിയും മിനയിൽ തങ്ങുന്ന ഹാജിമാർ നാളെ (തിങ്കൾ) നടക്കുന്ന അറഫാ സംഗമത്തിന് സജ്ജരാകും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായാണ് തല്‍ബിയത്തിലും ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി ഹാജിമാര്‍ മിനായിൽ ഇന്ന് രാത്രി ചെലവഴിക്കുക. ഇവിടെവെച്ച് തങ്ങളുടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി തീര്‍ഥാടകര്‍ നാളെ രാവിലെയോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫ സംഗമത്തിനായി അറഫാത്തിലേക്ക് നീങ്ങും.

ശക്തമായ കൊവിഡ് പ്രോട്ടോകോൾ പ്രകാരം അതീവ ആരോഗ്യ ജാഗ്രതയോടെ ഇഹ്‌റാം, ത്വവാഫ് കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രത്യേക ബസ്സുകളിലാണ് ഹാജിമാരെ മിനയില്‍ എത്തിക്കുന്നത്. അമ്പതോളം സീറ്റുകൾ കപ്പാസിറ്റിയുള്ള ബസുകളിൽ പകുതി സീറ്റുകളിൽ മാത്രമാണ് ഹാജിമാരെ അനുവദിക്കുന്നത്. മക്കയുടെയും മുസ്ദലിഫയുടെയും ഇടയിലാണ് തമ്പുകളുടെ നഗരി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച്ച മിനായില്‍ വെച്ച് സുബ്ഹി നിസ്‌കാരം നിര്‍വഹിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങും.

ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് തിങ്കളാഴ്ച്ച നടക്കുന്ന അറഫാ സംഗമം. ലോകത്തെ ഏറ്റവും വലിയ മാനുഷിക സംഗമം കൂടിയായ അറഫാത്തിൽ ഈ വർഷം വെറും അറുപതിനായിരം ഹാജിമാർ മാത്രമാണ് പങ്കെടുക്കുന്നത്. നാളെ അറഫാ ദിനം മുഴുവനും വിശ്വാസികള്‍ ഇവിടെ പ്രാര്‍ഥനയിലായിരിക്കും. തിങ്കളാഴ്ച്ച ദുഹ്ർ നിസ്കാരത്തോടെയാണ് അറഫാ സംഗമം ആരംഭിക്കുക. മക്ക ഇമാം ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല അറഫ പ്രസംഗത്തിന് നേതൃത്വം നൽകും. അകം നൊന്ത പ്രാർത്ഥനയുമായി അറഫയിൽ തങ്ങുന്ന തീർത്ഥാടകർ സൂര്യാസ്തമനത്തോടെ മുസ്‌ദലിഫയിലേക്ക് തിരിക്കും

ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിന് ലോക മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. മുസ്ദലിഫയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍. അര്‍ദ്ധ രാത്രിക്ക് ശേഷം മിനയിലേക്ക് മടങ്ങുകയും തുടർന്ന് തൊട്ടടുത്ത ദിവസം അഥവാ പെരുന്നാൾ ദിനത്തിൽ ഒന്നാം ദിവസത്തെ ‘ജംറത്തുല്‍ അഖബയില്‍’ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്യും. തുടര്‍ന്നുള്ള മൂന്നു ദിനരാത്രങ്ങളും മിനയിലാവും കഴിയുക.