തൃക്കാക്കരയില്‍ നടന്നത് നായ്ക്കളുടെ കൂട്ടക്കൊല; ചവറുകൂനയില്‍ നിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തു
ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന.
കൊച്ചി: തൃക്കാക്കര നഗരസഭാ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നും നിരവധി ചത്ത നായ്ക്കളുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി. നഗരസഭാ പരിധിയില്‍ വന്‍തോതില്‍ തെരുവുനായ്ക്കളെ കൊന്നെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചായിരുന്നു പരിശോധന. ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന.

നഗരസഭാ പരിധിയില്‍ കുടുക്കിട്ട് നായ്ക്കളെ പിടികൂടി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ വകവരുത്തിയതായുള്ള സംശയമുയര്‍ന്നത്. തൃക്കാക്കര ഈച്ചമുക്ക് ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.എൽ- 40 രജിസ്‌ട്രേഷനുള്ള വാഹനത്തിലെത്തിയ മൂന്നംഗ സംഘം നായ്ക്കളെ കഴുത്തില്‍ കുരുക്കിട്ട് പിടികൂടിയശേഷം വിഷം കുത്തിവെച്ചു കൊല്ലുകയായിരുന്നു. ഉഗ്രവിഷമാണ് കുത്തിവെച്ചിരുന്നത്. സൂചി കുത്തി ഊരും മുമ്പ് നായ കുഴഞ്ഞുവീണ് ചാവുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

നായ്ക്കളെ കൊന്നശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ സൈനനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര നഗരസഭാ അധികൃതരുടെ അനിമതിയോടെയാണ് നായ്ക്കളെ പിടികൂടി കൊന്നതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. നാട്ടുകാർ ചോദ്യം ചെയ്തപ്പോഴും നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ പിടിത്തക്കാർ നൽകിയ വിശദീകരണം. ഒരു നായയ്ക്ക് 500 രൂപ വീതം വാഗ്ദാനം ചെയ്താണ് നിയോഗിച്ചിരുന്നതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ മൃഗസ്നേഹികളുടെ സംഘടനയായ എസ്.പി.സി.എ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. നായപിടിത്തക്കാരിൽ നിന്ന് സിറിഞ്ചുകളും വിഷപദാർഥങ്ങളും പിടികൂടി. നായ്ക്കളെ പിടിയ്ക്കാനെത്തിയവര്‍ക്ക് നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ താമസിയ്ക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തുകൊടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നായ്ക്കളില്‍ കുത്തിവെയ്ക്കാനുള്ള വിഷം തയ്യാറാക്കിയതും നഗരസഭാ കെട്ടിടത്തിനുള്ളില്‍ വെച്ചാണ്. തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ തുകയും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.

നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമല്ല നായ്ക്കളെ പിടികൂടി കൊന്നതെന്നാണ് ഇന്നലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നായ്ക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനുശേഷം ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചില്ല. നായ്ക്കളുടെ കൂട്ടക്കൊലയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

നായ്ക്കളുടെ കൂട്ടക്കൊലയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. അമിക്കസ് ക്യൂറിയെ തൃക്കാക്കരയില്‍ അയച്ച് കോടതി സ്ഥിതിഗതകളുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. നായ്ക്കളുടെ കൊലയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിയ്ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

നായ്ക്കളെയോ മൃഗങ്ങളെയോ മുറിവേൽപിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വർഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്. എബിസി 2001 റൂൾ പ്രകാരം നായ്ക്കളെ കൊല്ലരുതെന്നും വന്ധ്യംകരണം നടത്താമെന്നുമാണു നിർദേശം. സംസ്ഥാനത്ത് ഈ ഉത്തരവാദിത്തം നിലവിൽ കുടുംബശ്രീയെയാണ് ഏൽപിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഹൈക്കോടതി ഇടപെട്ട് നായ്ക്കളുടെ വന്ധ്യംകരണവും നിർത്തി വച്ചിരിക്കുകയാണ്.
തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോ എന്ന നായയെ കൊന്ന കേസിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഫയലിന് ബ്രൂണോ എന്നു പേരു നൽകിയത് അടുത്തിടെയായിരുന്നു. മൃഗങ്ങൾക്കെതിരായ നടപടികളിൽ കോടതി ഇടപെടൽ നടത്തുന്നതിനിടെയാണ് സർക്കാർ സംവിധാനം തന്നെ നിയമവിരുദ്ധമായി നായയെ കൊല്ലുന്നതിനു നിർദേശം നൽകിയിരിക്കുന്നത് എന്നാണ് നഗരസഭാ പ്രതിപക്ഷമുയർത്തുന്ന ആക്ഷേപം.