സ്കൂൾ തുറക്കൽ തീരുമാനം വൈകിയേക്കും

തിരുവനന്തപുരം: കോളേജുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി സർക്കാർ ആലോചന തുടങ്ങി. കോളേജുകൾ തുറന്ന് പ്രത്യാഘാതം വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ സ്കൂൾ തുറന്നാൽ അത് കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഈ അദ്ധ്യയന വർഷം തീരാൻ ഇനി അഞ്ച് മാസമേയുള്ളൂ. ഓൺലൈനായി തന്നെ ക്ളാസുകൾ നടത്തി പൂർത്തിയാക്കുന്നതിനെക്കുറിച്ചും ഡിസംബറിൽ തുറന്ന് ഏപ്രിൽ വരെ ക്ളാസ് നടത്തി മേയിൽ പരീക്ഷ നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

അതേസമയം, സ്കൂൾ തുറക്കുന്ന വിഷയം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉടൻ സ്കൂൾ തുറക്കുന്നതിനോടുള്ള അദ്ധ്യാപക സംഘടനകളുടെ നിലപാ‌‌ടും അനുകൂലമല്ല.