നിപയുടെ ഉറവിടം; പഴങ്ങളിൽ നടത്തിയ പരിശോധനയിലും വൈറസിനെ കണ്ടെത്താനായില്ല
കോഴിക്കോട്: നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ നിപ വൈറസിനെ കണ്ടെത്താൻ സാധിച്ചില്ല. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാൽ ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. നിപ ബാധിച്ച് മരണമടഞ്ഞ 12കാരന്റെ വീട്ടുവളപ്പിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് പഴങ്ങൾ ശേഖരിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലാണ് പരിശോധന നടത്തിയത്. നേരത്തെ ശേഖരിച്ച മൃഗ സാംപിളുകളുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ഇതിനു മുമ്പ് ചാത്തമംഗലം പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാൽ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

രണ്ട് ദിവസം മുമ്പ് കാസർഗോഡ് പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സ്രവം പരശോധനയ്ക്ക് അയച്ചത്