രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ‘ബിഗ് ബില്യൺ സെയിൽസ്’ പിടിയിൽ


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ 2.100 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ പി ഐ നിയാസാണ്(35) ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.
കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയില്‍ ‘ബിഗ് ബില്യണ്‍ സെയില്‍സ്’ എന്നറിയപ്പെട്ടിരുന്ന ഇയാള്‍ രണ്ട് കിലോയുടെ ഒരു പാഴ്‌സല്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക് 100 ഗ്രാം കഞ്ചാവ് സാജന്യമായി നല്‍കുകയും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.

ഈരാറ്റുപേട്ടയില്‍ ഒരു കൊടുക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ടുവരുമ്പോഴായിരുന്നു എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘത്തിന് നേരെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എക്സൈസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.
പകല്‍സമയങ്ങളില്‍ ടൈല്‍സ് പണിയും വൈകീട്ട് കഞ്ചാവ് വില്‍പ്പനയുമായിരുന്ന നിയാസിനെ ദിവസങ്ങളായി ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി.പിള്ളയും ഷാഡോ എക്സൈസ് അംഗങ്ങളായ കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവരും നിരീക്ഷിച്ചുവരികയായിരുന്നു.

യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ള അറിയിച്ചു.