നിതിനാമോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി; സംഭവത്തെക്കുറിച്ച് പ്രതി പോലീസിനോട്

കോട്ടയം: നിതിനാ മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്നാണ് ത ലയോലപ്പറമ്പ് സ്വദേശിനി നിതിനാ മോളെ അഭിഷേക് കൊലപ്പെടുത്തിയത്.

നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി പാലാ ഡി വൈ എസ് പി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിലാണ് പ്രതി മൊഴി നൽകിയത്. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്.പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു എന്നും പൊലീസിനോട് പ്രതി പറഞ്ഞു. കേസിൽ അഭിഷേക് ബൈജു നടത്തിയ ഗുരുതരമായ ആസൂത്രണം ആണ് ഇതോടെ വ്യക്തമായത് എന്ന് പൊലീസ് കരുതുന്നു.

കൃത്യമായ ആസൂത്രണം ഇല്ലാതെ ഇങ്ങനെ ഒരു കൊലപാതകം നടത്താനാകില്ല എന്നും പൊലീസ് വിലയിരുത്തുന്നു. മൂർച്ചയേറിയ ബ്ലേഡ് വാങ്ങാൻ കാരണം ഇതാണ് എന്നും അന്വേഷണ സംഘം പറയുന്നു. ഏതായാലും അഭിഷേക് ബൈജു ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും കൂത്താട്ടുകുളത്ത് തെളിവെടുപ്പിന് എത്തിക്കുക.

പ്രണയം നിരസിച്ചതോടെ പ്രതിയായ അഭിഷേക് പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നു. ഇക്കാര്യം പെൺകുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സന്ദേശം വാട്സാപ്പിൽ ഇല്ല എന്നാണ് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഈ മെസ്സേജ് വീണ്ടെടുത്താൽ അത് നിർണായക തെളിവ് ആകുമെന്നും പോലീസ് കരുതുന്നു. ആസൂത്രണം ചെയ്തു കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് തെളിയിക്കാൻ ഇത്തരം ഭീഷണികൾ തെളിവായി ഉപയോഗിക്കാനാണ് പോലീസ് തീരുമാനം.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് എടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സൈബർസെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ അടക്കം പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് അഭിഷേകിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉച്ചയ്ക്ക് മുൻപ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. രാവിലെ പോസ്റ്റ് മോർട്ടം നടപടികൾക്കായി പോലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നുണ്ട്. അതിനുശേഷം ഡോക്ടറുടെ മൊഴിയും ഇന്നുതന്നെ രേഖപ്പെടുത്തിയിരിക്കും. തുടർന്ന് തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുപോകാനാണ് തീരുമാനം.

മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഏതായാലും കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസ് ഉള്ളത്. വൈകാതെ അന്വേഷണം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് പാലാ പോലീസ് നടത്തിവരുന്നത്.കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസൺ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.