ബസ് ഇടിച്ച് ബൈക്ക് നിര്‍ത്തിയിട്ട ലോറിക്കടിയിലേക്ക് പാഞ്ഞുകയറി, യുവാവിന് പരിക്കേറ്റു

വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി ദേശീയപാതയോരത്ത് ലോറി പാര്‍ക്കിംഗ്

തേഞ്ഞിപ്പലം: ദേശീപാതയില്‍ വാഹനാപകടങ്ങള്‍ക്കിടയാക്കി റോഡരികിലെ ചരക്ക്ലോറികളുടെ പാര്‍ക്കിംഗ്. കോഹിനൂര്‍ പാതയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക്
പാതയോരത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ച് കയറി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കോഹിനൂര്‍ ഇറക്കത്തിലാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോഹിനൂര്‍ ദേശീയപാതയിലെ ഇറക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും
പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന മിനിബസ്സും തമ്മില്‍ ആദ്യം
കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണംവിട്ട മിനിബസ്സ്
മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചു.ഇടത് വശത്ത് പാതയോരത്ത്
നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയിലേക്കാണ് അപകടത്തില്‍പ്പെട്ട ബൈക്ക്
ഇടിച്ച് കയറിയത്. ബൈക്കിലുണ്ടായിരുന്ന യൂണിവേഴ്സിറ്റി ചെനക്കല്‍
സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ യുവാവിനെ ആദ്യം
ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍
കോളേജിലും പ്രവേശിപ്പിച്ചു.

ചരക്ക് ലോറി റോഡില്‍ കയറിയ നിലയിലായിരുന്ന
നിര്‍ത്തിയിട്ടിരുന്നത്. ദേശീയപാതയോരങ്ങളില്‍ ചരക്ക്, ടാങ്കര്‍ ലോറികള്‍
വ്യാപകമായി നിര്‍ത്തിയിടുന്നത് നേരത്തെ നിരവധി അപകടങ്ങള്‍ക്ക്
ഇടയാക്കിയിട്ടുണ്ട്. ലോറികളുടെ പാര്‍ക്കിങിനെതിരെ പരാതികള്‍
ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതാണ് ഇത്തരം അപകടങ്ങള്‍
തുടരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ പതിവാകുന്ന
സാഹചര്യത്തില്‍ ലോറികളുടെ പാര്‍ക്കിംഗിനെതിരെ അധികൃതര്‍
നടപടിയെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.