Fincat

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയനയാണ് (30) പിടിയിലായത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്.

മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പരാതി നൽകി. മാർച്ച് 15നാണ് പ്രമോദ് പരാതി നൽകിയത്. അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി ബൈജു അറിയിച്ചു. ഞായറാഴ്ച ഓൺലൈൻ വഴി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.