ജനവാസ മേഖലയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
കണ്ണൂർ: ചന്ദനക്കാംപാറ ജനവാസ മേഖലയിൽ കാട്ടാന വൈദ്യുതാഘതമേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയോടെ കാട്ടാന ചരിഞ്ഞത്. കൃഷിയിടത്തിലെ വൈദ്യുത പോസ്റ്റ് കാട്ടാന കുത്തിയിട്ട നിലയിലാണ്. ഇതിലൂടെ ഷോക്കേറ്റാകാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
നാല് വയസ്സോളം പ്രായമുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. പ്രദേശത്ത് തിങ്കളാഴ്ച രാത്രിയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇരുട്ട് വീണ് കഴിഞ്ഞാൽ ഭയന്ന് വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ നാട്ടുകാർ.
കർണ്ണാടക വനവും, കേരളാ വനാതിർത്തിയും ഒരു പോലെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് പയ്യാവൂർ പഞ്ചായത്തിൽ പെട്ട ഈ ചന്ദനക്കാംപാറ എന്ന പ്രദേശം. ഇന്നലെ ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. അതിനാൽ വീട്ടിലുള്ളവർ കാട്ടാനക്കൂട്ടം ഇറങ്ങിയതായി അറിഞ്ഞില്ല.
പുലർച്ചെ നാലുമണിയോടെ പ്രദേശവാസി മുറ്റത്തിറങ്ങിയപ്പോൾ കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതായി കണ്ടിരുന്നു. കുട്ടിയാനകൾ ഉൾപ്പെടെ പത്തോളം ആനകൾ കൂട്ടത്തിൽ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു. ഇവിടെ നിന്നും മടങ്ങിപോകവെ ആനകൾ ഇതേ വീടിന്റെ തൊട്ടു പുറകിൽ തന്നെ ഇലട്രിക് പോസ്റ്റ് തകർത്തതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ് ചരിഞ്ഞ നിലയിലാണുള്ളത്. ഇതിനു മുൻപും ആന ഇലട്രിക് പോസ്റ്റ് ഈ പ്രദേശത്ത് തകർത്തിരുന്ന സംഭവം ഉണ്ടായി എങ്കിലും അന്ന് ട്രാൻസ്‌ഫോർമർ കത്തിയതിനാൽ ആന അപായപ്പെട്ടിരുന്നില്ല. പ്രദേശത്ത് ആദ്യമായി ആന ഷോക്കേറ്റ് ചെരിയുന്നത്. പുലർച്ചെ അഞ്ച് മണിക്ക് ശേഷമാണ് ആന ചെരിഞ്ഞത് എന്ന് കരുതുന്നു.
കൂടെയുണ്ടായിരുന്ന മറ്റാനകൾ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നിരിക്കുകയാണിപ്പോൾ, ഈ പ്രദേശത്തിന് തൊട്ടടുത്ത ഒരു സ്ഥലത്താണ് കുറച്ച് ദിവസം മുൻപ് ജസ്റ്റിൻ എന്ന യുവാവിനെ കാട്ടാന കുത്തിക്കൊന്നത്. സമാനമായ സംഭവങ്ങൾ ഇനി ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
ആന ചരിഞ്ഞ വിവരം പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യർ വനംവകുപ്പ് ഓഫിസിൽ അറിയിച്ചു. നടപടി ഉണ്ടാകാത്താതിനെ തുടർന്ന് അദ്ദേഹം നേരിട്ടെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് പ്രദേശത്ത് തടിച്ച് കൂടിയത്. ആനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂകർത്തിയാക്കി സംസ്‌കാരം നടത്തുവാനുള്ള നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പൂർത്തിയാക്കി.