ന്യൂനമര്‍ദ്ദം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ജില്ല പൂര്‍ണ സജ്ജം



ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണ സജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതത് സമയങ്ങളില്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദുരന്ത നിവാരണ കണ്‍ട്രോള്‍ സെല്ലും ആരംഭിച്ചിട്ടുണ്ട്. ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി, മണല്‍ഖനനം തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ബോട്ട് അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ അഞ്ച് ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും നിലവില്‍ തിരൂര്‍ ശോഭ പറമ്പ് ജി.യു.പി സ്‌കൂളില്‍ മാത്രമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഒരു കുടുംബത്തിലെ  ഒരു പുരുഷനും ഒരു സ്ത്രീയും  മൂന്ന് കുട്ടികളുമടക്കം ആറ് പേരാണ് ക്യാമ്പിലുള്ളതെന്നും കലക്ടര്‍ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.  അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വൈദ്യുതി ലൈന്‍ പൊട്ടി വീഴുന്നതടക്കമുള്ള അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം.  
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ജാഗ്രത നിര്‍ദേശം അതത് സമയങ്ങളില്‍ നല്‍കാനും മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദേശം മുഖ്യമന്തി ജില്ലാകലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളും വിവിധ വകുപ്പുകളും ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നിവയും മഴക്കെടുതിയെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനോടൊപ്പം ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്താനും തീരുമാനിച്ചു.