വളർത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു.

കോഴിക്കോട്: പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.

വാഹനത്തിനടിയില്‍നിന്നും പ്രാണനുംകൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. അപകടമുണ്ടാക്കിയ ഓട്ടോ പ്രദേശ വാസിയുടെതാണെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നല്‍കാത്തതെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഉടമയുടെ വീട്ടിലെത്തി ചിലർ വിവരമന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു. എന്നാല്‍ പരസ്യപ്രതികരണത്തിന് ആരും തയാറായില്ല.

ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് പോലീസിന് സ്വമേധയാ കേസെടുക്കാമെന്നിരിക്കെയാണ് ഈ അലംഭാവം. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ ഓമനയായിരുന്നു. ഓട്ടോ ഉടമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.