ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി

കുറിച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാണ് (42) മരിച്ചത്.

വിദേശത്തായിരുന്ന സരിൻ 2020 ആഗസ്റ്റിലാണ് ഹോട്ടൽ തുടങ്ങിയത്. ഇത് വിജയമായതോടെ ഇതേ കെട്ടിടത്തിൽ ടെക്‌സ്റ്റൈൽ ഷോപ്പിനും സ്‌പെയർ പാർട്‌സ് കടയ‌്ക്കുമായി ക്രമീകരണങ്ങൾ ഒരുക്കി. എന്നാൽ, രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് ഹോട്ടൽ അടച്ചിടേണ്ട സാഹചര്യം വന്നുപെട്ടതോടെ ബിസിനസാകെ പ്രതിസന്ധിയിലായി. കെട്ടിടവാടക മാത്രം ഒരു മാസം 35,​000 രൂപ നൽകേണ്ടിയിരുന്നു. കടംവാങ്ങിയും പണയം വച്ചുമാണ് വാടക നൽകിയിരുന്നതും വീട്ടുചെലവു നടത്തിയിരുന്നതും. കടം കൊടുത്തവർ തിരികെ ചോദിക്കാൻ തുടങ്ങിയതോടെ പിടിച്ചുനിൽക്കാനാവാതെയാണ് സരിൻ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇളയ കുട്ടി ഓട്ടിസം ബാധിതനാണ്.

ഇന്നലെ പുലർച്ചെ നാലരയോടെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവൽ ക്രോസിനു സമീപം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ : രാധു മോഹൻ. മക്കൾ: കാർത്തിക (ഒൻപതാം ക്ലാസ് വിദ്യാർത്ഥി), സിദ്ധാർത്ഥ് (കണ്ണൻ).

ഫേസ്‌ബുക്ക് പോസ്റ്റ്

അശാസ്‌ത്രീയമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. മദ്യക്കടകൾ തുറക്കുകയും ആളെ കൂട്ടി പാർട്ടി പരിപാടികൾ നടത്തുകയും ചെയ്ത സർക്കാർ ഹോട്ടലുകാരെ മാത്രം പ്രതിസന്ധിയിലാക്കി. കൊവിഡ് കാലത്ത് സർക്കാർ സഹായം നൽകിയില്ലെന്നും പോസ്റ്റിൽ പറഞ്ഞു.