ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
മുതലമട: പറമ്പിക്കുളം ആനപ്പാടി ചെക്‌പോസ്റ്റ് കഴിഞ്ഞുള്ള വളവിൽ ആംബുലൻസ് മറിഞ്ഞ് ‘108 ആംബുലൻസ്’ സർവീസിന്റെ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ മരിച്ചു. വടക്കഞ്ചേരി ആമക്കുളം കണ്ടംപറമ്പിൽ വീട്ടിൽ ജോർജ് വർഗീസിന്റെ (തങ്കച്ചൻ) മകൻ മെൽബിൻ ജോർജാണ് (36) മരിച്ചത്.

പ്ലാച്ചിമടയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്നു രോഗമുക്തരായവരെയുംകൊണ്ട് ബുധനാഴ്ച വൈകീട്ട് പറമ്പിക്കുളത്തേക്ക് ആറ് ആംബുലൻസുകൾ പോയി. ഇതിൽ മുന്നിൽ പോയ ആംബുലൻസാണ് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ മെൽബിനെ ഇതിനൊപ്പമുണ്ടായിരുന്ന മറ്റൊരു ആംബുലൻസിൽ തമിഴ്നാട് അബ്രാംപാളയത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മറിഞ്ഞ ആംബുലൻസിന്റെ ഡ്രൈവർ നെല്ലിയാമ്പതി കൈകാട്ടി ബാങ്ക് പാടി ജഗദീഷിനെയും ആംബുലൻസിലുണ്ടായിരുന്ന മറ്റുമൂന്നുപേരെയും പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെൽബിൻ ജോർജിന്റെ അമ്മ: മേരി. ഭാര്യ: ജിന്റു (നഴ്സ്, ഇ.കെ. നായനാർ ആശുപത്രി, വടക്കഞ്ചേരി). മകൻ: ജോഹൻ.