അധ്യയനം ഉറപ്പാക്കാന്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതല്‍, മുന്നൊരുക്കം വിലയിരുത്തി: മികച്ച തുടക്കമാക്കി മാറ്റണമെന്ന് മന്ത്രി

മലപ്പുറം: വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളും ശുചീകരിച്ച് ഇഴജന്തുശല്യം ഇല്ലെന്ന് ഉറപ്പാക്കുന്നതിനും സ്‌കൂളുകളിലേക്ക് ഉപയോഗിക്കുന്ന ജലവും ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്നിന് മുമ്പ് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭ്യമാക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുവജന-സന്നദ്ധ സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ കോവിഡ് മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ കഴിയാവുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷം തുറക്കുന്ന സാഹചര്യത്തില്‍ പരാതിക്കിടയില്ലാത്ത വിധം മുന്നോട്ടുപോകാനാണ് ശ്രമം. ഇക്കാര്യത്തില്‍ ജില്ലയില്‍ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം വീടുകളില്‍ നിന്ന് സ്‌കൂളുകളിലേക്കെത്തുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കി അധ്യാപകര്‍ പെരുമാറണം. അധ്യയനം പുന:രാരംഭിക്കുന്ന ദിവസം ഉച്ചവരെ ക്ലാസെടുക്കാതെ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. സ്‌കൂളുകള്‍ തുറക്കുന്നത് മികച്ച തുടക്കമാക്കി മാറ്റണം. അധ്യാപകര്‍ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. വാഹനങ്ങളില്‍ സ്‌കൂളുകളിലേക്ക് എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തണം. പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷകര്‍ത്താവിന്റെ മാനസികാവസ്ഥയില്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദ്ദപരമായി പെരുമാറണമെന്നും അവര്‍ക്ക് വഴികാട്ടണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ സംഭരിച്ചുവച്ച പഴക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി ജില്ലാതല- പഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ച് ഇടപെടണമെന്നും മന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നപ്പോള്‍

അതിഥി തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും നവംബര്‍ ഒന്നിന് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തുമ്പോള്‍ ശരീര താപനില പരിശോധിക്കാന്‍ യുവജന സംഘടനകളുടെ സഹായമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യങ്ങളില്‍ യുവജന-തൊഴിലാളി സംഘടനകള്‍ യോഗത്തില്‍ പൂര്‍ണ പിന്തുണ അറിയിച്ചു. സ്‌കൂള്‍ തുറക്കും മുമ്പുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അഞ്ച് തവണ ജില്ലാ തലത്തില്‍ യോഗം ചേര്‍ന്നതായും ജില്ലാ തലത്തിലും സ്‌കൂള്‍ തലത്തിലും കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലയിലെ 10561 സ്‌കൂളുകളില്‍ ഒന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അറിയിച്ചു. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍ തുടങ്ങിയവരും പങ്കെടുത്തു.