മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടി; നാളെ ഉന്നതതലയോഗം

വണ്ടിപെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു . ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി.

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം. നാളെ രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക . എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ഇതിനിടെ സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെടുന്നു

കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടിയായതോടെ ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോഴുള്ളത് ചില ആളുകൾ ഉണ്ടാക്കിയ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . സോഷ്യൽ മീഡിയയിലൂടെ ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ ആളുകളിൽ ഭീതി പരത്തുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.