ഇന്ധനവില 50 രൂപയിൽ എത്തണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണം: ശിവസേന
മുംബൈ ∙ ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര എക്സൈസ് നികുതി അഞ്ച് രൂപ കുറച്ചതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.
ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ പൂർണമായി പരാജയപ്പെടുത്തണം. വിലക്കയറ്റം കാരണം ദീപാവലി ആഘോഷിക്കാൻ ജനങ്ങൾ ലോണെടുക്കേണ്ട അവസ്ഥയാണെന്നും സഞ്ജയ് റാവുത്ത് പരിഹസിച്ചു.