കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ
കാസർകോട്: ചീമേനിയിൽ പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെ.വി.സന്തോഷ് (49), ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെ.സി.മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നൽകിയ പരാതിയിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ചീമേനി വില്ലേജ് ഓഫീസിൽ പരിശോധനയ്ക്കെത്തിയത്. നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. 2019-ൽ പട്ടയത്തിന് നിഷയുടെ അച്ഛൻ ടി.നാരായണൻ അപേക്ഷിച്ചിരുന്നു. ഈ വർഷമാദ്യം നാരായണൻ മരിച്ചു. ശേഷം അപേക്ഷയുമായി നിഷ വില്ലേജിലെത്തുകയായിരുന്നു.
പട്ടയം നൽകാൻ ഒന്നരലക്ഷം രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് നിഷ അറിയിച്ചതോടെ 50,000 രൂപ വേണമെന്നായി. പിന്നീട് 25,000 രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളതെന്നറിയിച്ചപ്പോൾ എങ്കിൽ അത് വിറ്റ് പണം കൊണ്ടുവരാൻ ഇവർ ആവശ്യപ്പെട്ടെന്ന് നിഷ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനാണ് നിഷയുടെ മകൻ. ഭർത്താവ് ആശാരിപ്പണിക്കാരനും.
ഭൂമിയളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറിപ്പോകുംമുൻപ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെത്തുടർന്നാണ് നിഷ പണവുമായി ഓഫീസിലെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെയും അറിയിച്ചിരുന്നു. വിജിലൻസ് സംഘം നൽകിയ 10,000 രൂപയുമായി വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഓഫീസിലെത്തി കൈമാറുന്നതിനിടെ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെയും മഹേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ സിബി മാത്യു, ശശിധരൻ പിള്ള, പി.പി.മധു, പി.വി.സതീശൻ, സുഭാഷ് ചന്ദ്രൻ, കെ.വി.സുരേശൻ, രഞ്ജിത് കുമാർ എന്നിവരുമുണ്ടായിരുന്നു.